ജമ്മു കശ്മീരിന്റ പ്രത്യേക പദവി റദ്ദാക്കുകയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത നിര്‍ണായക തീരുമാനം നടപ്പാക്കി മൂന്നര വര്‍ഷം പിന്നിടുമ്പോള്‍ താഴ്‌വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നത് പരിഗണിക്കുന്നു.
ജമ്മു കശ്മീരില്‍ ഇപ്പോഴുള്ള അധിക സൈനിക വിന്യാസം പിന്‍വലിക്കാനാണ് കേന്ദ്ര നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. താഴ്‌വരയിലെ ഉള്‍പ്രദേശങ്ങളിലെ സൈനിക സാന്നിധ്യം പിന്‍വലിക്കുന്നതോടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ മാത്രമായിരിക്കും സൈനിക സാന്നിധ്യം ഉണ്ടാവുക. നിര്‍ദേശം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്
കശ്മീരിലെ സൈനിക സാന്നിധ്യം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച വിഷയം കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ച് വരികയായിരുന്നു. സൈനിക വിന്യാസം കുറയ്ക്കുന്നതിന് ഒപ്പം ക്രമസമാധാനപാലനം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടികള്‍ എന്നിവയ്ക്കായി സിആര്പിഎഫിനെ വിന്യസിക്കുക തുടങ്ങിയ വിഷയങ്ങളാണ് സജീവമായി പരിഗണിക്കുന്നത്.
കേന്ദ്ര പ്രതിരോധ മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സായുധസേന, ജമ്മു കശ്മീര്‍ പോലീസ് എന്നിവരും ഇതു സംബന്ധിച്ച ചര്‍ച്ചയുടെ ഭാഗമാണ്. ഒന്നേകാല്‍ ലക്ഷത്തോളം സൈനികരെയാണ് കശ്മീരിലെ വിവിധ മേഖലകളില്‍ നിയോഗിച്ചിട്ടുള്ളത്