ഏനാദിമംഗലത്ത് കാപ്പാ കേസ് പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ അമ്മ സുജാതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സൂര്യലാലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ സുജാതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇരുപതോളം ആളുകളടങ്ങിയ സംഘം സൂര്യലാലിന്റെ വീട് ആക്രമിച്ചത്. വീട് പൂർണമായും അടിച്ചു തകർക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു സുജാത. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് സുജാതയുടെ തലയ്ക്കും മുഖത്തും അടി കിട്ടിയത്. ആഴത്തിൽ മുറിവേറ്റ സുജാതയെ സൂര്യ ലാലിന്റെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്ത്യം.