February 23, 2025

ഏഷ്യാനെറ്റ് കൊച്ചി റീജിനല്‍ ഓഫിസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയ സംഭവം നിയമസഭയില്‍

ആരാണ് എസ്.എഫ്‌.ഐക്ക് സെന്‍സര്‍ഷിപ്പ് ചുമതല നല്‍കിയത്  എന്ന് പി സി വിഷ്ണുനാഥ് ബിബിസി റെയ്ഡിന്‍റെ തുടർച്ചയാണ് ഏഷ്യാനെറ്റ് ന്യൂസിലും നടന്നത്. റിപ്പോർട്ടറെ വ്യക്തിപരമായി വേട്ടയാടുന്നുവെന്നും സിപിഎമ്മിന്‍റെ കണ്ണൂർ ഘടകമാണ് വേട്ടയാടലിന് പിന്നിലെന്നും വി ഡി സതീശന്‍

കയറിയ സംഭവം നിയമസഭയില്‍. പ്രതിപക്ഷ എംഎല്‍എ പിസി വിഷ്ണുനാഥാണ് സംഭവം അടിയന്തര പ്രമേയമായി സഭയില്‍ ഉയര്‍ത്തിയത്. ഏഷ്യാനെറ്റ് കൊച്ചി റീജിനല്‍ ഓഫിസില്‍ 30തോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദേഹം നോട്ടീസ് നല്‍കിയത്.

ലഹരി മാഫിയക്കെതിരായ വാര്‍ത്തയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്തിനാണ് പ്രകോപിതരാകുന്നതെന്ന് പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ലഹരി മാഫിയക്ക് എതിരായ വാര്‍ത്ത എങ്ങനെ സംസ്ഥാന സര്‍ക്കാറിന് എതിരാകും. എസ്.എഫ്.ഐക്ക് സെന്‍സര്‍ഷിപ്പ് ചുമതല ആരാണ് നല്‍കിയത്. എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് കൊച്ചി ഓഫിസില്‍ അതിക്രമം നടത്തിയതെന്നും വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസിനെതിരായ നീക്കം ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏഷ്യാനെറ്റ് ന്യൂസിനെതിരായ പരാതി പരസ്പരവിരുദ്ധമാണ്. അവസരം വീണ് കിട്ടുമ്പോൾ അത് പകവീട്ടാൻ ഉപയോഗിക്കുന്നത് ശരിയല്ല. എന്തും ചെയ്യാൻ എസ്എഫ്ഐക്ക് നേതാക്കൾ ലൈസൻസ് കൊടുത്തുവെന്നും സതീശന്‍ കുറ്റപ്പെടുത്തി. അടിയന്തര നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് ചെയ്തതിന് പിന്നാലെ മീഡിയ റൂമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ നടപടി ഉണ്ടാകുമെന്ന് അന്‍വര്‍ നേരത്തെ പോസ്റ്റിട്ടു. ഇതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് പരിശോധന ഉണ്ടായത്. ഏഷ്യാനെറ്റ് ന്യൂസിനെതിരെ ദുർബലമായ വാദങ്ങളാണ് സർക്കാരും മുഖ്യമന്ത്രിയും പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത് വ്യാജ വാര്‍ത്തയല്ല. അവ്യക്തമായ ചിത്രത്തെ ചൊല്ലിയാണ് ഇപ്പോഴത്തെ വിവാദം. വ്യാജ വാർത്ത ചമയ്ക്കുന്ന പാരമ്പര്യം സിപിഎമ്മിന്‍റെ മുഖപത്രമായ ദേശാഭിമാനിക്കാണെന്നെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ബിബിസി റെയ്ഡിന്‍റെ തുടർച്ചയാണ് ഏഷ്യാനെറ്റ് ന്യൂസിലും നടന്നത്. റിപ്പോർട്ടറെ വ്യക്തിപരമായി വേട്ടയാടുന്നുവെന്നും സിപിഎമ്മിന്‍റെ കണ്ണൂർ ഘടകമാണ് വേട്ടയാടലിന് പിന്നിലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.