ജില്ലാ കളക്ടർ ഓരോ ദിവസവും ഓരോ സാരിയുടുത്ത് പറ്റുന്ന മേക്കപ്പും അണിഞ്ഞ് വരും, ഡിസിസി അധ്യക്ഷന്റെ അധിക്ഷേപ പ്രസംഗം
ജില്ലാ കളക്ടറെയും കൊച്ചി മേയറെയും അധിക്ഷേപിച്ച് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് നടത്തിയ പ്രസംഗം വിവാദത്തിലേക്ക്. എറണാകുളം കളക്ടർ രേണു രാജിനേയും കൊച്ചി മേയർ അനില്‍കുമാറിനേയും ആണ് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അധിക്ഷേപിച്ച് പ്രസംഗിച്ചിരിക്കുന്നത്.
ബ്രഹ്മപുരം മാലിന്യ പ്ലാറ്റിലെ തീപ്പിടുത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ പൊതു പരിപാടിക്കിടെയായിരുന്നു അധിക്ഷേപ പ്രസംഗം. ‘ജില്ലാ കളക്ടർ ഓരോ ദിവസവും പല തരത്തിലുള്ള സാ രിയുടുത്ത്, അതിന് പറ്റുന്ന മേക്കപ്പും അണിഞ്ഞ് വരുന്നതായും, മേയർ വനിതാ അംഗങ്ങളെ തെറ്റിക്കാൻ പെണ്ണുങ്ങളുടെ സ്വഭാവമാണ് കാണിക്കുന്നതെന്നുമായിരുന്നു ഡിസിസി അധ്യക്ഷന്റെ പ്രസംഗം.
‘ജില്ലാ കളക്ടർ ഓരോ ദിവസവും പല തരത്തിലുള്ള സരിയുടുത്ത്, അതിന് പറ്റുന്ന മേക്കപ്പും അണിഞ്ഞ് പത്രക്കാരെക്കണ്ട് വലിയ വായില്‍ സംസാരിക്കുന്നതല്ലാത്ത തീപിടുത്തം കെടുത്താനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ആസൂത്രിതമായി ഈ തീപിടുത്തം ഉണ്ടാക്കിയ നടപടിയില്‍ ഹൈക്കോടതി അന്വേഷണം നടത്തി പിന്നില്‍ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. 13 കോടി രൂപ കൊടുത്ത് മുന്‍കാല പരിചയമില്ലാത്ത കമ്പനിക്ക് കരാർ കൊടുത്തത് മുതല്‍ അഴിമതിയാണ് ‘ ഷിയാസ്പറഞ്ഞു.
മാലിന്യങ്ങള്‍ കൊണ്ടുവന്ന് കൂമ്പാരമാക്കിയിട്ടതല്ലാതെ ഒരുപ്രവത്തനവും നടക്കുന്നില്ല. കമ്പനിയില്‍ നിന്ന് തുക തിരികെ ഈടാക്കി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണം. മാലിന്യ നിർമ്മാർജ്ജനത്തിന്റെ പേരില്‍ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുകയാണ്. ലക്ഷക്കണക്കിന് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്. ഇത്ര വലിയ വിഷയം ഉണ്ടായിട്ട് കോർപ്പറേഷന്‍ മേയറും അധികാരികളും എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ? ഷിയാസ് ചോദിച്ചു
ആർക്കെതിരേയും കേസ് എടുക്കുകയോ ഒരു അന്വേഷണമോ നടക്കുന്നില്ല. ഞായറാഴ്ച മാത്രമാണ് യോഗം വിളിച്ചത്. യോഗത്തില്‍ 7-ാം ക്ലാസ് വരേയുള്ള വിദ്യാർത്ഥികള്‍ക്ക് അവധി നല്‍കി. അതിന് മുകളിലുള്ള കുട്ടികളെ ഈ പുക ബാധിക്കില്ലേ. എത്ര വിചിത്രമായ നടപടിയാണിത്. വൈക്കം വിശ്വന്റെ മകളും മരുമകനും ഡയറക്ടറും എംഡിയുമായിട്ടുള്ള കമ്പനിക്കാണ് ഇതിന്റെ കരാർ കൊടുത്ത്. വഴിവിട്ടുള്ള ഈ കരാർ തന്നെ അഴിമതിയാണ് – ഷിയാസ് പറയുന്നു.