അട്ടപ്പാടി മധുവധക്കേസില്‍ പതിനാല് പ്രതികള്‍ കുറ്റക്കാരെന്ന് പട്ടിക ജാതി പട്ടിക വര്‍ഗക്കെക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന മണ്ണാര്‍ക്കാട് പ്രത്യേക കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ നരഹത്യകുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. അന്യായമായ സംഘം ചേരല്‍, പരിക്കേല്‍പ്പിക്കല്‍ എന്നിവയും തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഡിജിറ്റല്‍ തെളിവും നിര്‍ണ്ണായകമായി. നാല് , പതിനൊന്ന് പ്രതികളെ വെറുതെ വിട്ടു. ഇവര്‍ മധുവിനെ ദേഹോപദ്രവമേല്‍പ്പിച്ചല്ലന്നാണ് കോടതി കണ്ടെത്തിയത്
ആഹാരത്തിനാണ് മധു ജീവൻ കൊണ്ട് വിലനൽകേണ്ടി വന്നത്. . ലോകത്തിനു മുന്നിൽത്തന്നെ കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ടി വന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം കേസിൽ വിധി വന്നിരിക്കുന്നു. പ്രതികളായ 16 പേരിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരിക്കുന്നു. ഒടുവിൽ മധുവിന് നീതി കിട്ടിയെന്ന് സമൂഹം ആശ്വസിക്കുന്നു. അപ്പോഴും, കൈകൾ ബന്ധിപ്പിക്കപ്പെട്ട് ദൈന്യതയോടെ ചുറ്റിലും ഉറ്റുനോക്കിയ ആ മുഖം ബാക്കിവെക്കുന്ന നൊമ്പരം കേരളമനസാക്ഷിയെ അലോസരപ്പെടുത്തുന്നത് തന്നെയാണ്.
2018 ഫെബ്രുവരി 22. അന്നാണ് ആൾക്കൂട്ടത്തിന്റെ വിചാരണയ്ക്കും മർദ്ദനത്തിനും വിധേയനായി മധു എന്ന യുവാവിന് ജീവൻ നഷ്ടപ്പെട്ടത്. ആഹാരസാധനങ്ങൾ മോഷ്ടിച്ചു എന്നാരോപിച്ച് ആൾക്കൂട്ടവിചാരണ നേരിടേണ്ടി വന്ന മധു നിസ്സഹായനായ, മനോദൗർബല്യമുള്ള, അതിദരിദ്രനായ ഒരു 27കാരനായിരുന്നു. സാംസ്കാരിക പ്രബുദ്ധതയ്ക്ക് പേര് കേട്ട കേരളത്തെയൊന്നാകെ നാണക്കേടിന്റെ ആഴങ്ങളിലേക്ക് തള്ളിവിടാൻ ആ സംഭവം കാരണമായി. മധുവിനെ വിചാരണ ചെയ്യുന്നത്, ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കു മുമ്പിൽ നിസ്സഹായനായ ഒരു മനുഷ്യൻ ദൈന്യതയോടെ നിൽക്കുന്നത്, കൊടുംകുറ്റവാളിയെന്ന് മുദ്രകുത്തി അയാളെ മർദ്ദിക്കുന്നത് ഒക്കെ ദൃശ്യങ്ങളായി കേരളജനതയ്ക്ക് മുമ്പിലെത്തി.
അട്ടപ്പാടി ചിണ്ടക്കി സ്വദേശിയായ മധുവിന് അച്ഛൻ മരിച്ചതോടെ ഏഴാം ക്ലാസ്സിൽ വച്ച് പഠിപ്പ് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് സംയോജിത ഗോത്രവികസനപദ്ധതിയുടെ ഭാഗമായി പാലക്കാട് പോയി മരപ്പണിയില്‍ പരിശീലനം നേടി. തുടർന്ന് ജോലിക്കായി ആലപ്പുഴയ്ക്ക് പോയി. എന്നാൽ, അവിടെവെച്ച് ഒരു സംഘര്‍ഷത്തിനിടയില്‍ പെടുകയും തലയ്ക്കു പരിക്കേൽക്കുകയും ചെയ്തു. പിന്നീട് മധു പഴയതുപോലെയായിരുന്നില്ല. നാട്ടില്‍ മടങ്ങിയെത്തിയ മധു അലഞ്ഞുനടക്കാൻ തുടങ്ങി. കാട്ടിലേക്ക് കയറുന്നതും ഗുഹകളിൽ താമസിക്കുന്നതും പതിവായി. വല്ലപ്പോഴുമൊക്കെ നാട്ടിലെത്തി മടങ്ങിയിരുന്നു. ഇങ്ങനെ കാടിറങ്ങിയെത്തിയ മധു മുക്കാലിയിലെ കടയിൽ നിന്ന് അരിയും മറ്റ് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ആൾക്കൂട്ടം അയാളെ വിചാരണ ചെയ്തതും മർദ്ദിച്ച് കൊലപ്പെടുത്തിയതും.