February 23, 2025

തണ്ണീർ മത്തൻ ബാഗിന്റെ കഥ

ബാഗ് പിറന്നത് കൊച്ചിയിൽ , കാനിൽ ചർച്ചയായ പൊളിറ്റിക്കൽ ബാഗിന്റെ കഥ

കാന്‍ ചലച്ചിത്രോത്സവത്തില്‍ തിളങ്ങിയ മലയാളി താരം കനി കുസൃതിയുടെ ‘തണ്ണിമത്തൻ ബാഗ്’ ആണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ലോകത്തിന്റെ മുന്നില്‍ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമായി കനി ഉയർത്തിയ ‘ക്ലച്ച് ബാഗ്’ പിറന്നത് നമ്മുടെ സ്വന്തം കൊച്ചിയിലാണ്. പനമ്പിള്ളി നഗറിലുള്ള സോള്‍ട്ട് സ്റ്റുഡിയോയിൽ കനിയുടെ സുഹൃത്തും ഡിസൈനറുമായ ദിയ ജോണും സംഘവുമാണ് ഈ ബാഗ് നിർമിച്ചത്. .

റെഡ് കാർപ്പറ്റിൽ തന്റെ വസ്ത്രം ‘പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്’ കൂടി എടുത്ത് കാണിക്കുന്നതാവണം എന്നായിരുന്നു കനി കുസൃതി ദിയയോട് ആവശ്യപ്പെട്ടത്. ആദ്യം ഡ്രസില്‍ തന്നെ എന്തെങ്കിലും ചെയ്യാം എന്നാണ് കരുതിയത്. എന്നാല്‍, സിംപിൾ ലുക്ക് മതിയെന്നും കനി കട്ടായം പറഞ്ഞു. മാറ്റിയും മറിച്ചും പല പല ഐഡിയകള്‍ ആലോചിച്ചു. ഒടുവിലാണ് ബനാറസ് സിൽക്കിൽ ലൈറ്റ് കളറിൽ വസ്ത്രം ഒരുക്കാനും പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം വ്യക്തമാക്കുന്ന ഒരു ബാഗ് ചെയ്യാമെന്നും തീരുമാനിക്കുന്നത്. പലസ്തീൻ പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയും കറുപ്പും ചേർന്ന ‘തണ്ണിമത്തൻ’ എന്ന ഐഡിയ കനിയുടേത് തന്നെയാണെന്ന് ദിയ പറയുന്നു. ഒരാഴ്ച കൊണ്ടാണ് ക്ലച്ച് ബാഗ് ഒരുക്കിയത്. ഗജ്ജി സിൽക്കിൽ തണ്ണീർമത്തൻ നിറങ്ങളിൽ ബീഡ് വർക്ക് ചെയ്താണ് ഹാൻഡ്ബാഗ് തയ്യാറാക്കിയത്. മഞ്ഞയും പച്ചയും ചുവപ്പും മുത്തുകള്‍ കൊണ്ടാണ് ക്ലച്ചുണ്ടാക്കിയത്.