February 24, 2025

കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല, അതല്ല ഉദ്ദേശിക്കുന്നത്: വിശദീകരിച്ച് എംവി ഗോവിന്ദൻ

കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ. കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണ്. അത് ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ വരുന്ന മുന്നണിയല്ല. കൃത്യമായ നയം അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ മുന്നണിയാണ്. ആ രാഷ്ട്രീയ മുന്നണിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുകയെന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അതല്ല ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് എടുക്കുന്ന നിലപാട് ഇന്നത്തെ കേരള രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിലെ തന്നെ കോൺഗ്രസ് എടുക്കുന്ന നിലപാടുകളിൽ നിന്ന് വ്യത്യസ്തമാണ്. കോൺഗ്രസിനെ തന്നെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ഉതകുന്ന നിലപാടാണ് അവർ സ്വീകരിച്ചിരിക്കുന്നത്. ആ കാര്യമാണ് താൻ ചൂണ്ടിക്കാട്ടിയത്. സമീപ കാലത്ത് മുസ്ലിം ലീഗ് എടുത്ത പ്രധാനപ്പെട്ട ചില നിലപാടുകൾ മതനിരപേക്ഷതയ്ക്ക് അനുകൂലമാണ്. ഗവർണറുടെ കാവിവത്കരണ നിലപാടിലും വിഴിഞ്ഞം സമരത്തെ വർഗീയവത്കരിക്കുന്ന നിലപാടിലായാലും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്.

ആർക്കു മുന്നിലും ഇടതു മുന്നണി വാതിൽ അടച്ചിട്ടില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. വലതുപക്ഷ നിലപാട് തിരുത്തി വരുന്നവർക്ക് സ്വാഗതം. മുസ്ലിം ലീഗിനെ കുറിച്ച് പറഞ്ഞ അഭിപ്രായം തെരഞ്ഞെടുപ്പോ രാഷ്ട്രീയ കൂട്ടുകെട്ടോ മുന്നിൽ കണ്ടല്ല. ലീഗിനെ ക്ഷണിച്ചിട്ടുമില്ല. ഏക സിവിൽ കോഡ്, വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ കോൺഗ്രസിനെ കൊണ്ട് നിലപാട് തിരുത്തിച്ചത് മുസ്ലിം ലീഗാണെന്നും അദ്ദേഹം പറഞ്ഞു.