എ വിഭാഗവും കെ സുധാകരനും, കെ മുരളീധരനും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ കൈകൊര്‍ത്തോടെ ശശി തരൂരിനെ പിടിച്ചുകെട്ടാനുള്ള വി ഡി സതീശന്റെ നീക്കങ്ങള്‍ പൊളിഞ്ഞു. രാഷ്ട്രീയ കാര്യസമിതിയിലുളള എ ഗ്രൂപ്പ് നേതാക്കളായ ബെന്നി ബഹ്നാനും, കെ സി ജോസഫും പി ജെ കുര്യനും ശശി തരൂരിനെതിരെയുള്ള വി ഡി സതീശന്റെ നീക്കങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാടാണ് കൈക്കൊണ്ടത്. ശശി തരൂരിനെതിരെ ആദ്യം മുതലെ കടുത്ത നിലപാട് കൈക്കൊണ്ട പ്രതിപക്ഷ നേതാവിന്റെ നിലപാടാണ് തരൂരിന് ഇത്രയധികം ജനപിന്തുണ കിട്ടാന്‍ കാരണമെന്നു ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്തിനാണ് തരൂരിന് നല്‍കുന്ന സ്വീകരണ പരിപാടികളെ പരസ്യമായി എതിര്‍ത്ത് അദ്ദേഹത്തിന്റെ പരിപാടികള്‍ക്ക് ആളെക്കൂട്ടിയതെന്നും ഇവര്‍ ചോദിച്ചു. കെ സുധാകരനും കെ മുരളീധരനും എ വിഭാഗത്തെ പൂര്‍ണ്ണമായും പിന്തുണക്ക നിലപാടാണ് കൈക്കൊണ്ടത്. ഇനി തരൂരിനെ സംസ്ഥാനത്ത് എവിടെ വേദി ലഭിച്ചാലും അതിനെ എതിര്‍ക്കരുതെന്നാണ് എ വിഭാഗം ആവശ്യപ്പെട്ടത്. ശശി തരൂരിനെ എതിര്‍ക്കാനുളള നീക്കം കോണ്‍ഗ്രസിനെ ജനങ്ങളുടെ മുന്നില്‍ ഒറ്റപ്പെടുത്തുമെന്നും ഇവര്‍ വാദിച്ചു.

ശശിതരൂര്‍ വിഷയം ഇത്രയും വഷളാക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നുവെന്നാണ് ബെന്നി ബഹ്നാനും കെ സി ജോസഫും രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പറഞ്ഞത്.
തികഞ്ഞ മതേതര നിലപാടാണ് ശശി തരൂര്‍ തന്റെ രാ്ഷ്ട്രീ ജീവിതത്തില്‍ പുലര്‍ത്തുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമുണ്ട്. അത് കാണാതെ പോകുന്നവരാണ് അദ്ദേഹത്തിനെതിരെ പരസ്യമായി തിരിയുന്നതും ഇവര്‍ സൂചിപ്പിച്ചു.
അതേ സമയം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണ്ണറേ നീക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ചതിനതിരെയും വി ഡിസതീശനെതിരെ ശക്തമായ വിമര്‍ശനമുണ്ടായി. മുസ്‌ളീം ലീഗിനോടാലോചിച്ചാണ് താന്‍ അത്തരത്തിലൊരു നിലപാട് കൈക്കൊണ്ടതെന്ന് വി ഡി സതീശന്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയെയും ഗവര്‍ണ്ണറെയും ഒരേ പോലെ എതിര്‍ക്കുന്ന നിലപാടാണ് കൈക്കൊള്ളണ്ടേയിരുന്നതെന്ന് എ വിഭാഗം വാദിച്ചു. പിണറായിക്ക് പിന്തുണ നല്‍കുന്ന നിലപാടായി പോയി ഗവര്‍ണ്ണര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് കൈക്കൊണ്ടതെന്നും രാഷ്ട്രീയ കാര്യസമതിയില്‍ വിമര്‍ശനമുണ്ടായി.