February 24, 2025

മാൻഡസ് ഇന്നും ശക്തമായി തുടരും, കേരളത്തിൽ കനത്ത മഴ

, കേരളത്തിൽ കനത്ത മഴ , 7 ജില്ലകളിൽ ജാഗ്രത, മത്സ്യബന്ധനം പാടില്ല

മാൻഡസ് പ്രഭാവത്തിൽ കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരും. കാലാവസ്ഥ വകുപ്പിന്‍റെ പ്രവചന പ്രകാരം ഇന്നും നാളെയും കൂടി കേരളത്തിൽ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്. തമിഴ്നാട്ടിൽ കര തൊട്ട മാൻഡസ് ചുഴലിക്കാറ്റ് ദുർബലമായി ചക്രവാത ചുഴിയായി മാറിയതാണ് ഇതിന് കാരണം. ചക്രവാതചുഴി വടക്കൻ കേരള – കർണാടക  തീരം വഴി തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ച് ഡിസംബർ 13 ഓടെ ന്യുന മർദ്ദമായി ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത. ഇത് കാരണം കേരളത്തിൽ ഡിസംബർ 13 വരെ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിട്ടുള്ളത്.

മഴ സാഹചര്യം ശക്തമായതിനാൽ ഇന്ന് സംസ്ഥാനത്തെ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ,  കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 13 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.