February 24, 2025

ഇന്ത്യ – ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തിയേക്കും.

അരുണാചൽപ്രദേശിലെ തവാംഗ് സെക്ടറിൽ വെള്ളിയാഴ്ച ഇന്ത്യ – ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തിയേക്കും. സംഘർഷത്തെക്കുറിച്ച് പാർലമെൻ്റിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാജ്നാഥ് സിംഗ് ഇതേക്കുറിച്ച് സഭയിൽ വിശദീകരിക്കുക.

അതേസമയം സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാനായി പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗിൻ്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുകയാണ്.  വിദേശകാര്യമന്ത്രി എസ്.ജയ്‍ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ, കര,നാവിക, വ്യോമസേനാ മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം പ്രതിരോധ മന്ത്രി പാർലമെൻ്റിൽ എത്തി പ്രസ്താവന നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ-ചൈന സംഘർഷത്തിൽ വിശദമായ ചർച്ച ആവശ്യപ്പെട്ട് കോണ്ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് എം പി മനീഷ് തിവാരിയാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്.