തന്റെ മണ്ഡലമായ വയനാട്ടിൽ ഡയാലിസിസ് സെന്റർ ആരംഭിക്കാൻ രാഹുൽ ഗാന്ധി അയച്ച ഉപകരണങ്ങൾ ആശുപത്രിയിലേക്ക് ഇറക്കാൻ അനുമതി നൽകാതെ ഉദ്യോഗസ്ഥർ മടക്കി അയച്ചെന്ന് ആക്ഷേപം. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങാൻ രാഹുൽ ഗാന്ധി എംപി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളാണ് ആശുപത്രി അധികൃതർ തിരിച്ചയച്ചത്.
ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാനുളള ശ്രമമാണ് മതിയായ സൗകര്യമില്ലെന്ന് പറഞ്ഞ് മെഡിക്കൽ ഓഫിസറും ജീവനക്കാരും തടഞ്ഞത്. ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങൾ കൂടിയാലോചനയില്ലാതെ മടക്കി അയച്ചതിൽ ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം പ്രഖ്യാപിച്ചു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചു. ഡൽഹിയിൽ നിന്ന് കണ്ടെയ്നറിൽ വന്ന ഐസിയു ബെഡ് ഉൾപ്പെടെയുള്ള സാമഗ്രികളാണ് തിരിച്ചയച്ചത്.
50 ലക്ഷം രൂപയാണ് രാഹുൽ ഗാന്ധി അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്തിനെയോ എച്ച്എംസിയെയോ എംഎൽഎയെയോ അറിയിക്കാതെയാണ് ഉപകരണങ്ങൾ തിരിച്ചയച്ചത്. വിവരം അറിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുബാറക് ഇന്നലെ താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫിസറിനെയും ഉദ്യോഗസ്ഥനെയും വിളിച്ചു വരുത്തി എച്ച്എംസി യോഗം ചേർന്നു.
മുഴുവൻ സൗകര്യങ്ങളും ഒരുക്കി സാമഗ്രികൾ ഒന്നിച്ച് എത്തിച്ചാലേ സ്വീകരിക്കാനാവൂ എന്ന നിലപാടാണ് മെഡിക്കൽ ഓഫിസർ സ്വീകരിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എച്ച്എംസിയിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മെഡിക്കൽ ഓഫിസറുടെ തീരുമാനത്തിനെതിരെ രംഗത്തു വന്നു.