February 25, 2025

കെ. സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഏഴ് എം.പിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു

കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് മാറ്റണമെന്ന് ഏഴ് എം പിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടാവശ്യപ്പെട്ടു. എം കെ രാഘവന്‍, കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബഹ്നാന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റെണി കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് മാറ്റണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോടാവിശ്യപ്പെട്ടിരിക്കുന്നത്.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോടാണ് എം പിമാര്‍ ആദ്യം ഈ വിഷയം ഉന്നയിച്ചത് പിന്നീട് വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം കേരളത്തിന്റെ ചുമലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായും ഇവര്‍ ഈ വിഷയം ചര്‍ച്ച ചെയ്തു.

കേരളത്തിലെ എം പി മാരുമായി ഒരു വിഷയവും സുധാകരന്‍ ചര്‍ച്ച ചെയ്യാറില്ലന്നാണ് ഇവര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന ആക്ഷേപം. അതോടൊപ്പം തന്നെ പാര്‍ട്ടി പുനസംഘടന അനന്തമായി നീണ്ടുപോവുകയാണ്. ഇങ്ങനെ പോയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാനുള്ള കഴിവ് പാര്‍ട്ടിക്കുണ്ടാകില്ലന്നും ഇവര്‍ കോണ്‍ഗ്രസ് ഹൈക്കാമന്‍ഡിനെ അറിയിച്ചു. താഴെ തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെടുക്കാനുളള ഒരു ശ്രമവും സുധാകരന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലന്നും ഇവര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടിട്ടുണ്ട്.