February 23, 2025

ഇന്ത്യയിലടക്കം തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ ഇസ്രായേല്‍ രഹസ്യഗ്രൂപ്പ് ഇടപെട്ടു, വിവരങ്ങള്‍ പുറത്ത് വിട്ടത് ദി ഗാര്‍ഡിയന്‍

 

ഇന്ത്യയടക്കമുള്ള 30 ലധികം രാജ്യങ്ങളില്‍ തെരെഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഇസ്രായേല്‍ ആസ്ഥാനമായ ടീം ഹോര്‍ഹേ എന്ന പേരിലുള്ള ഗ്രൂപ്പ് നടത്തിയ ശ്രമങ്ങള്‍ ദി ഗാര്‍ഡിയിന്‍ ദിനപ്പത്രവും ഫോര്‍ബിഡന്‍ സ്‌റ്റോറീസ് അന്താരാഷ്ട്ര മാധ്യമക്കൂട്ടായ്മയും പുറത്തുവിട്ടു. ഇസ്രായേല്‍ പ്രത്യേക സേനാംഗമായിരുന്ന താല്‍ ഹാനനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടിം ഹോര്‍ഹേ. ഹാക്കര്‍മാരെ ഉപയോഗിച്ചും, സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയും തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചതിന്റെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇന്ത്യക്കു പുറമെ യു.കെ, യു.എസ്, കാനഡ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, മെക്‌സിക്കോ, സെനഗാള്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ പ്രചാരണ കാമ്പയിനുകള്‍ നയിച്ചതായി സംഘം വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങളിലെ പ്രചാരണ കാമ്പെയിനുകള്‍ വഴി തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനും സ്വാധീനിക്കാനും ഉപയോഗിക്കുന്ന അഡ്വാന്‍സ്ഡ് ഇംപാക്റ്റ് മീഡിയ സൊലൂഷന്‍ അഥവാ എയിംസ് എന്ന അത്യാധുനിക സോഫ്റ്റ് വെയറാണ് ഇവര്‍ നല്‍കുന്നത്.ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, ഫേസ്ബുക്ക്, ടെലിഗ്രാം, ജിമെയില്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിലൊക്കെയും ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് പ്രവര്‍ത്തനം നിയന്ത്രിക്കുക. ബിറ്റ് കോയിന്‍ വാലറ്റുകളും ക്രെഡിറ്റ് കാര്‍ഡുകളും എയര്‍ബി.എന്‍.ബി അക്കൗണ്ടുകളുമടക്കം സ്വന്തമായുള്ള ആമസോണ്‍ അക്കൗണ്ടുകളും ഇതിനോടൊപ്പമുണ്ട്.