ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഗൗതം അദാനിയുടെ ആസ്തി 50 ബില്യൺ ഡോളറിനു താഴെയായി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം, അദാനിയുടെ ആസ്തി 49.1 ബില്യൺ ഡോളറായി കുറഞ്ഞു. ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചികയിൽ ലിസ്റ്റുചെയ്തിരിക്കുന്ന 500 സമ്പന്നരിൽ ഒരാളാണ് അദാനി. റിപ്പോർട്ട് വരുന്നതിന് മുൻപ് ഗൗതം അദാനിയുടെ ആസ്തി ഏകദേശം 120 ബില്യൺ ഡോളറായിരുന്നു. ആഗോള സമ്പന്നരിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനി നിലവിൽ 25-ാം സ്ഥാനത്താണ്.
ഇതോടെ ഗൗതം അദാനിയും റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ചെയർമാൻ മുകേഷ് അംബാനിയും തമ്മിലുള്ള അന്തരവും വലുതായി. ആഗോള സമ്പന്നരുടെ പട്ടികയിൽ 11-ാം സ്ഥാനത്താണ് മുകേഷ് അംബാനി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അദ്ദേഹത്തിന് 83.6 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. ഫോർബ്‌സിന്റെ തൽസമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, അംബാനി എട്ടാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ ആസ്തി 86 ബില്യൺ ഡോളറാണ്. ഏഷ്യയിലെ ഏറ്റവും ധനികനെന്ന പദവിയും അദാനിക്ക് നഷ്ടമായി
അദാനി ഗ്രൂപ്പിൻ്റെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം തകർച്ചയിലായിരിക്കുകയാണ്. ഏഴ് പ്രധാന അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് 120 ബില്യൺ ഡോളറിൻ്റെ മൊത്തം വിപണി മൂല്യം നഷ്ടപ്പെട്ടു . അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി എൻ്റർപ്രൈസസ് തുടങ്ങിയ അദാനി സ്റ്റോക്കുകൾ വിപണിയിൽ വലിയ തകർച്ച നേരിടുകയാണ്.