പരീക്ഷണങ്ങളിലൂടെ മലയാളികളെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. അടുത്തകാലത്തെ അദ്ദേഹത്തിന്റെ കഥാപാത്ര വൈവിധ്യങ്ങളുടെ തുടർച്ചയാകും എന്ന് പ്രേക്ഷകർ കരുതുന്ന സിനിമയാണ് ജിതിൻ ജെ ജോസ് പ്രൊജക്റ്റ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘പുതിയ സിനിമയിൽ മമ്മൂട്ടി വില്ലൻ. വില്ലൻ എന്ന് പറഞ്ഞാൽ സ്ത്രീപീഡകനായ വില്ലൻ. അപ്പോൾ ഞാൻ ചോദിച്ചു ‘അത് ആരാധകരെ വിഷമിപ്പിക്കുമോ’ എന്ന്. ‘എന്ത് ആരാധകർ? നമ്മൾ ഓരോ പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുകയല്ലേ’ എന്ന് അദ്ദേഹം പറഞ്ഞു. എന്റെ ഒരു അഭിപ്രായത്തിൽ ഇത്രത്തോളം പരീക്ഷണങ്ങൾ നടത്തുന്ന നടനുണ്ടോ? അദ്ദേഹം ഒരു അത്ഭുതമാണ്. മമ്മൂക്കയ്ക്ക് ആ പരീക്ഷണങ്ങൾ തന്നെയാണ് നല്ലത്. അദ്ദേഹത്തിന് ഇനി നേടാൻ ഒന്നും ബാക്കിയില്ല. ഇനി നേടാനുള്ളത് എല്ലാം പുത്തൻ പരീക്ഷണങ്ങളിലൂടെയാണ്,’ എന്നാണ് ജോൺ ബ്രിട്ടാസ് പറഞ്ഞത്. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മെഗാസ്റ്റാർ 428 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പി’ന്റെ കഥാകൃത്തായിരുന്നു ജിതിൻ കെ ജോസ്. സിനിമയിൽ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ക്യാമറ. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. ഭീഷ്മപർവ്വം, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകൾക്ക് ശേഷം സുഷിൻ – മമ്മൂട്ടി കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.