February 23, 2025

പിറന്നാൾ നിറവിൽ തലൈവർ .ആഘോഷമാക്കി ആരാധകർ . രജനീകാന്തിന് ആശംസയറിയിച്ച് ഇന്ത്യൻ സിനിമാലോകം

ഇപ്പോള്‍ തന്നെ ട്വിറ്ററില്‍  #HBDSuperstarRajinikanth എന്ന ഹാഷ്ടാഗ് വൈറലായിട്ടുണ്ട്.

 

ഇന്ത്യന്‍ സിനിമയുടെ തന്നെ ‘തലൈവന്‍’ രജനീകാന്തിന്‍റെ 72മത് ജന്മദിനമാണ് ഇന്ന്. പ്രിയ നായകന്‍റെ ജന്മദിനം ആഘോഷമാക്കാന്‍ ആരാധകരും തയ്യാറെടുപ്പിലാണ്. രജനി ഫാന്‍സ്. തമിഴ്നാട്ടില്‍ അടക്കം വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തും.  ജയിലറാണ് രജനികാന്തിന്‍റെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴ് സിനിമയുടെ ചരിത്രമെടുത്താല്‍ രജനിയോളം പ്രഭാവം തീര്‍ത്ത ഒരു താരം ഉണ്ടാവില്ല. പൂര്‍ണ്ണമായും തമിഴനല്ലാത്ത ഒരാൾ എങ്ങിനെ തമിഴകത്തിന്‍റെ താരമായി എന്ന് ചോദിച്ചാല്‍, ‘അതാണ്ടാ നമ്മ രജനി സ്റ്റൈല്‍‘ എന്ന് അദ്ദേഹത്തിന്‍റെ ആരാധകർ പറയും. കര്‍ണ്ണാടക- തമിഴ്നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്‍റെ പരമ്പരയിലാണ് രജനിയുടെ ജനനം. പിന്നീട് ഇവർ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. സിനിമയോടും അഭിനയത്തോടും ചെറുപ്പം മുതലുള്ള അടങ്ങാത്ത അഭിനിവേശമാണ് രജനിയിലെ നടന്‍ കൈമുതലാക്കിയത്.

ബാംഗ്ലൂരിലെ ആചാര്യ പഠനശാലയിലും വിവേകാനന്ദ ബാലക് സംഘിലും പഠനം പൂർത്തിയാക്കിയ രജനി, സിനിമയിൽ മുഖം കാണിക്കുകയെന്ന ആഗ്രഹവുമായാണ് ചെന്നൈയിലേക്ക് വണ്ടി കയറിയത്. എന്നാൽ ഒരു ജോലി കണ്ടെത്താനാവാതിരുന്നതിനാല്‍ സിനിമ മോഹം ഉപേക്ഷിച്ച് തിരികെപ്പോകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. സിനിമാ മോഹവുമായി അലയുന്ന മകന് ഒരു ജോലി കിട്ടിയാൽ ജീവിതം മെച്ചപ്പെടുമെന്ന വീട്ടുകാരുടെ ധാരണ ബസ് കണ്ടക്ടർ ജോലിയിലേക്ക് രജനിയെ എത്തിച്ചു. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലായിരുന്നു ജോലി. ഈ തിരക്കുകൾക്കിടയിലും നാടകങ്ങളിൽ അഭിനയിക്കാൻ രജനി സമയം കണ്ടെത്തി. പിന്നീട് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ‍്യൂട്ടില്‍ അഭിനയം പഠിക്കാന്‍ ചേരുന്ന സമയത്തും സിനിമയോടുള്ള രജനിയുടെ ആത്മാര്‍ഥതയെ കുടുംബം അംഗീകരിച്ചില്ല. പലരും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തോറ്റു പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ല. കാരണം നടനാവുക എന്നത് അയാളുടെ നിയോഗമായിരുന്നു.

കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ഓഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രജനിയുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം. കമല്‍ഹാസന്‍, ജയസുധ, ശ്രീവിദ്യ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളിലാണ് സിനിമാസ്വാദകര്‍ രജനിയെ കണ്ടത്. എന്നാൽ 1980കളില്‍ ഒരു അഭിനേതാവ് എന്ന നിലയിലുള്ള രജനിയുടെ വളര്‍ച്ചയ്ക്കും കോളിവുഡ് സാക്ഷ്യം വഹിച്ചു. ബാലചന്ദര്‍ തന്നെ നിര്‍മ്മിച്ച നെട്രികണ്‍ എന്ന സിനിമയായിരുന്നു രജനിക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. ശിവാജി റാവു ഗെയ്‍ക്വാഡ് എന്ന പേര് മാറ്റി രജനീകാന്ത് എന്ന് വിളിച്ചതും ബാലചന്ദര്‍ ആയിരുന്നു.

എണ്‍പതുകള്‍ രജനിയിലെ താരത്തിന്‍റെ കുത്തനെയുള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചെങ്കില്‍ തൊണ്ണൂറുകളുടെ തമിഴ് തിരശ്ശീല ആ സൂപ്പര്‍സ്റ്റാറിന്‍റെ ആഘോഷമായിരുന്നു.