എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി തമിഴ് നാഷ്ണലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പി നെടുമാരന്‍. വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്നും തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തില്‍ എത്തുമെന്നുമാണ് പി നെടുമാരന്‍ അവകാശപ്പെട്ടിരിക്കുന്നത്. തഞ്ചാവൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നെടുമാരന്‍.
തന്‍റെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് നെടുമാരന്‍ അവകാശപ്പെടുന്നത്. എന്നാല്‍ നിലവില്‍ പ്രഭാകരന്‍ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും നെടുമാരന്‍ വിശദമാക്കുന്നു. പ്രഭാകരന്‍റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് നിലവിലെ തന്‍റെ വെളിപ്പെടുത്തലെന്നാണ് നെടുമാരന്‍ അവകാശപ്പെടുന്നത്. തമിഴ് ഇഴം സംബന്ധിച്ച തന്‍റെ പദ്ധതി തക്ക സമയത്ത് പ്രഭാകരന്‍ വിശദമാക്കുമെന്നാണ് നെടുമാരന്‍ അവകാശപ്പെടുന്നത്.
2009 മെയ് 18നാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന വ്യക്തമാക്കിയത്. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മെയ് 19ാം തീയതി മൃതശരീര ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.