February 24, 2025

100 ദിന കർമ്മ പദ്ധതി; 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ

സംസ്ഥാന സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വീണ്ടും 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍ ഒന്നാം കര്‍മ്മ പദ്ധതി ആരംഭിക്കും.  100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

 

തുടര്‍വിജയം നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ് ഈ മെയ് ഇരുപതിന് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു