സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച 726 കാമറകൾ ഈ മാസം 20 മുതൽ പ്രവർത്തിച്ചുതുടങ്ങും.
675 എണ്ണം നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്നതാണ് .
സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച 726 കാമറകൾ ഈ മാസം 20 മുതൽ പ്രവർത്തിച്ചുതുടങ്ങും.. ഉ ദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകി. 14 ജില്ലയിലും കെൽട്രോൺ കാമറ സ്ഥാപിച്ചുകഴിഞ്ഞു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അപകടമുണ്ടാക്കി വാഹനം നിർത്താതെ പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇവ കണ്ടുപിടിക്കും. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങൾ എടുത്ത് കാമറ കൺട്രോൾ റൂമിലേക്ക് അയക്കും. അവിടെനിന്ന് വാഹന ഉടമയ്‌ക്ക് ചിത്രങ്ങൾ ഉൾക്കൊള്ളിച്ചുള്ള പിഴ നോട്ടീസ് അയക്കും. പൊലീസ് കാമറകളുള്ള പ്രദേശങ്ങൾ ഒഴിവാക്കിയാണ് പുതിയ കാമറകൾ സ്ഥാപിച്ചത്. സേഫ് കേരള കാമറകളിൽനിന്നടക്കം ശേഖരിക്കുന്ന വീഡിയോ ദൃശ്യങ്ങളും മറ്റു വിവരശേഖരവും പൊലീസ്, എക്‌സൈസ്, മോട്ടോർ വാഹന, ജിഎസ്ടി വകുപ്പുകൾക്കും ലഭ്യമാക്കും.
സിറ്റി സെന്ററുകളിലെ അനധികൃത പാർക്കിങ് കണ്ടെത്താനാണ് 25 കാമറകൾ. അമിത വേഗത കണ്ടെത്താൻ നാല് കാമറയും. തിരുവനന്തപുരത്ത് ഇൻഫോസിസിന്റെ മുന്നിലും ചാക്കയിലും കൊല്ലം ബൈപാസിൽ രണ്ട് കാമറകളുമാണ് ഇങ്ങനെ സ്ഥാപിച്ചത്. കാമറ സ്ഥാപിച്ച വാഹനം തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സോണുകൾക്ക് ഓരോന്ന് വീതം നൽകും. സിഗ്‌നൽ ജങ്‌ഷനുകളിലെ ലംഘനങ്ങൾ പിടികൂടാൻ 18 കാമറയും സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ട്രാൻസ്‌പോർട്ട് കമീഷണറേറ്റിലെ രണ്ടാംനിലയിലാണ് കേന്ദ്രീകൃത കൺട്രോൾ റൂമും ഡാറ്റാ സെന്ററും സജ്ജീകരിച്ചത്. ജില്ലാടിസ്ഥാനത്തിലും കൺട്രോൾ റൂമും പ്രവർത്തിക്കും. കൺട്രോൾ റൂമുകൾക്കായുള്ള വിദഗ്‌ധരെ നിയമിക്കുന്നത് കെൽട്രോണാണ്. കാമറകളുടെ അറ്റകുറ്റപ്പണി നടത്തുന്നതും സാങ്കേതിക കാര്യങ്ങൾ അഞ്ചുവർഷത്തേക്ക് നിർവഹിക്കുന്നതും കെൽട്രോണാണ്.