February 24, 2025

കൂട്ട അവധി എടുത്ത് മൂന്നാറില്‍ ടൂർ പോയ റവന്യു ജീവനക്കാര്‍ക്ക് എതിരെ നടപടി വേണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കൂട്ട അവധി ചട്ടപ്രകാരം അല്ലന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ലാന്റ് റവന്യു കമ്മീഷണര്‍ക്ക് ജില്ലാ കളക്റ്റര്‍ ഡോ. ദിവ്യ എസ് അയ്യര്‍ റിപ്പോര്‍ട്ട് നല്‍കി. ജീവനക്കാര്‍ കൂട്ട അവധിയെടുത്തതും പൊതുജനങ്ങള്‍ക്ക് അത് മൂലം ബുദ്ധിമുട്ടുണ്ടാക്കിയതും സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും കളക്റ്ററുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ രാത്രിയാണ് ലാന്റ് റവന്യു കമ്മീഷണര്‍ക്ക് കളക്റ്റര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അറുപത്തി മൂന്ന് ജീവനക്കാരുള്ള ഓഫീസില്‍ 25 പേര്‍ മാത്രമാണ് കഴിഞ്ഞ വെള്ളിയാഴ്ച ജോലിക്കെത്തിയത്. അവധിയെടുത്തും അല്ലാതെയും ജോലിയില്‍ നിന്ന് മാറി നിന്ന ജീവനക്കാര്‍ കൂട്ടത്തോടെ മൂന്നാറിലേക്ക് പോയി. മറ്റുളളവര്‍ ഫീല്‍ഡ് ഡ്യുട്ടിക്ക് പോയെന്നാണ് മേലുദ്യോഗസ്ഥരെ അറിയിച്ചതും.

ഉദ്യോഗസ്ഥർ ചട്ടവിരുദ്ധമായി അവധിയെടുത്ത് വിനോദയാത്ര പോയതിനെതിരെ പ്രതികരിച്ച കെ യു ജനീഷ്‌കുമാർ എം എൽ എ യുടെ നിലപട് മുന്നണിയിലും പാർട്ടിയിലും ചർച്ചയായിരുന്നു