February 22, 2025

ഒരു മാസത്തിനുള്ളില്‍ ഞങ്ങളിലൊരാള്‍ കൊല്ലപ്പെട്ടേക്കാം’, ജിജോ തില്ലങ്കേരിയുടെ എഫ് ബി പോസ്റ്റ്, വിവാദമായപ്പോള്‍ പിന്‍വലിച്ചു

 

ഒരു മാസത്തിനുള്ളില്‍ തങ്ങളിലൊരാള്‍ കൊല്ലപ്പെട്ടെക്കാമെന്ന്  ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. കൊലപാതകത്തിന്റെ പാപക്കറ സി പി എമ്മിന് മേല്‍ കെട്ടിവച്ച് വേട്ടയാടരുത്. രാഷ്ട്രീയ മുതലെടുപ്പിനായി ആര്‍ എസ് എസ് ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിയെ വെറുതെ തെറ്റിദ്ധരിക്കരുതെന്നും ജിജോ തില്ലങ്കേരി ഫേസ് ബുക്കില്‍ കുറിച്ചു.

 

പിജയരാജന്റെ അനുയായികളായ ആകാശ്- ജിജോ തില്ലങ്കേരിമാരെ പി ജെ യെ ഇറക്കിത്തന്നെ ഒതുക്കാനുള്ള നീക്കങ്ങള്‍ സി പി എം നടത്തുമ്പോഴാണ് വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ വെല്ലുവിളിയുമായി അവര്‍ രംഗത്തെത്തിയത്. സി പി എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്നും ആരു തള്ളിപ്പറഞ്ഞാലും തങ്ങള്‍ പാര്‍ട്ടിക്കൊപ്പമാണെന്നും ആകാശ് തില്ലങ്കേരി പറഞ്ഞത്. അതിനെ പിന്നാലെയാണ് തങ്ങള്‍ കൊല്ലപ്പെട്ടേക്കാമെന്ന് പറഞ്ഞുകൊണ്ടുള്ള ജിജോ തില്ലങ്കേരിയുടെ ഫേസ് ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്