വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ നിർണായക സി സി ടി വി ദൃശ്യങ്ങൾ പുറത്തായി. കേസിലെ മുഖ്യപ്രതി അനിൽകുമാറും കുട്ടിയെ കൈവശം വെച്ച തൃപ്പുണ്ണിത്തുറയിലെ അനൂപും തമ്മിൽ കാണുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കളമശേരി മെഡിക്കൽ കോളജിൽവെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
ഇക്കഴിഞ്ഞ ജനുവരി 31 നാണ് ഇരുവരും തമ്മിൽ ആശുപത്രിയിൽവെച്ച് കണ്ടിരിക്കുന്നത്. അന്വേഷണ സംഘം കുഞ്ഞിനെ കൈവശം വച്ച തൃപ്പുണ്ണിത്തുറയിലെ ദമ്പതികളുടെ മൊഴി എടുത്തേക്കും.വ്യാജ രേഖ ചമച്ചതിലെ പ്രേരണാ കുറ്റത്തിൽ ഇവരെ പ്രതിചേർക്കുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്.
കളമശേരി മെഡിക്കൽ കൊളെജിൽ നിന്നും ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിറ്റിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവും മുഖ്യപ്രതിയുമായ അനിൽകുമാറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.