February 24, 2025

ജി.ഡി എൻ‍ട്രി’ ഇനി പോൽ ആപ്പ് വഴി ലഭിക്കും. വാഹനാപകടം ഉണ്ടായാൽ സ്റ്റേഷൻ കയറിയിറങ്ങേണ്ട

വാഹന അപകടങ്ങൾ സംബന്ധിച്ച മിക്ക കേസുകളിലും ഇൻഷുറൻസ് ക്ലെയിമിനും മറ്റുമായി പോലീസ് സ്റ്റേഷനിലെ ജി.ഡി (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. കേരള പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷനായ പോൽ ആപ്പിലൂടെ ആക്‌സിഡന്റ് ജി.ഡി എന്‍ട്രി മൊബൈലിൽ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പൊലീസ്.

അപകടങ്ങളിൽ വലിയ ക്ലെയിം ആണെങ്കിൽ ഇൻഷുറൻസ് കമ്പനികൾ പലപ്പോഴും ജി.ഡി എൻട്രി നിർബന്ധമായി ആവശ്യപ്പെടാറുണ്ട്. എഫ്.ഐ.ആർ ആവശ്യമില്ലാതെ തന്നെ ഫുൾ കവർ ഉള്ള വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനുള്ള ഇൻഷുറൻസ് ക്ലെയിം ജി. ഡി എൻട്രി ഉണ്ടെങ്കിൽ ലഭിക്കുന്ന സാഹചര്യം ഇന്നുണ്ട്. എന്നാൽ ജി.ഡി എൻട്രി ലഭിക്കാനായി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങണം എന്ന ബുദ്ധിമുട്ടുകൊണ്ട് പലപ്പോഴും ആളുകൾ ഇത് വേണ്ടെന്ന് വയ്ക്കാറാണ് പതിവ്. ഈ ഒരു പ്രശ്നത്തിന് പരിഹാരമായി പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ജി.ഡി എൻട്രി ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് പോൽ ആപ്പിലൂടെ കേരള പോലീസ് ഒരുക്കിയിരിക്കുന്നത്.

 

 

ജി. ഡി എൻട്രി സംവിധാനം ലഭ്യമാക്കാൻ ആദ്യം കേരള പോലീസിന്റെ ആപ്ലിക്കേഷനായ പോൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. ശേഷം, നിങ്ങളുടെ പേരും മൊബൈൽ നമ്പറും നൽകണം. തുടർന്ന് വരുന്ന ഒ.ടി.പി എന്റർ ചെയ്ത ശേഷം ആധാർ നമ്പർ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. പോൽ ആപ്പിൽ ഒരു തവണ രജിസ്‌ട്രേഷൻ നടത്തിയാൽ പിന്നീട് പോലീസുമായി ബന്ധപ്പെട്ട ഏത് സേവനത്തിനും ഈ രജിസ്‌ട്രേഷൻ മാത്രം മതിയാകും. വാഹനങ്ങളുടെ ഇൻഷുറൻസിന് ജി.ഡി എൻട്രി ലഭിക്കാൻ പോൽ ആപ്പിലെ Request Accident GD എന്ന സേവനം തിരഞ്ഞെടുത്ത് അതിൽ അപേക്ഷകന്റെ വിവരങ്ങൾ, അപകടം സംബന്ധിച്ച വിവരങ്ങൾ എന്നിവ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്.

പോൽ ആപ്പ് വഴി ലഭിക്കുന്ന ഈ അപേക്ഷയില്‍ പൊലീസ് പരിശോധന നടത്തുകയും തുടർന്ന് പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് അപേക്ഷകന് ജി. ഡി എന്‍ട്രി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കുകയും ചെയ്യാം. ഇങ്ങനെയാണ് പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്താതെ ജി.ഡി എൻട്രി ലഭിക്കാനുള്ള സൗകര്യം കേരള പോലീസ് ഒരുക്കിയിരിക്കുന്നത്. ജി.ഡി എൻട്രി മാത്രമല്ല , പോലീസുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ പോൽ ആപ്പ് വഴി ലഭിക്കും.