February 24, 2025

സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനൽ തുടങ്ങരുതെന്ന ഉത്തരവ് . പ്രതിഷേധവുമായി ഒരു വിഭാഗം . ക്രിയാത്മകത ഇല്ലാതാക്കുന്നുവെന്നും പരാതി

യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന ഉത്തരവില്‍ കുരുങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാര്‍ ഇതര വരുമാനമുണ്ടാക്കാനുള്ള ജോലി ചെയ്യരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറങ്ങിയത്. അതേസമയം സംസ്ഥാനത്ത് ഒട്ടേറെ ഉദ്യോഗസ്ഥരാണ് നിലവില്‍ യൂട്യൂബ് ചാനല്‍ നടത്തി അധികവരുമാനം കണ്ടെത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവര്‍ത്തനവും ക്രിയാത്മക സ്വാതന്ത്ര്യവുമായി കണക്കാക്കാമെങ്കിലും യൂട്യൂബ് ചാനല്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഈ മാസം ആദ്യം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സബ്‍സ്ക്രൈബേഴ്സ് കൂടിയാല്‍ സാമ്പത്തിക നേട്ടമുണ്ടാവുമെന്നും ഇത് 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും ഉത്തരവില്‍ പറയുന്നു. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അനുമതി തേടി അഗ്നിരക്ഷാ സേനാംഗം ഡിജിപി വഴി നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തരവകുപ്പിൻെറ ഉത്തരവ്.