February 23, 2025

കേരള ഗവര്‍ണര്‍ വര്‍ഷത്തില്‍ 150 ദിവസം സംസ്ഥാനത്തില്ല, ഗോവ ഗവര്‍ണര്‍ കേരളത്തില്‍ തന്നെ’; എന്താണ് ഗവര്‍ണര്‍മാരുടെ ജോലിയെന്ന് കെ മുരളീധരന്‍

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. കേരള ഗവര്‍ണര്‍ മര്യാദയ്ക്ക് മറുപടി പറയാറില്ലെന്നും അദ്ദേഹം ക്ഷോഭിച്ച് സംസാരിക്കുന്ന രീതിക്കാരനാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു. കേരള ഗവര്‍ണര്‍ വര്‍ഷത്തില്‍ 150 ദിവസം സംസ്ഥാനത്തില്ല. ഗോവ ഗവര്‍ണര്‍ കേരളത്തില്‍ തന്നെയാണ്. ഇത് മുന്‍കാലത്തില്ലാത്ത കീഴ്‌വഴക്കമാണെന്ന് പറഞ്ഞ മുരളീധരന്‍ എന്താണ് ഗവര്‍ണര്‍മാരുടെ ജോലിയെന്നും ചോദിച്ചു.

മുസ്ലീം ലീഗിനെ കുറിച്ചുള്ള അഭിപ്രായം സിപിഐഎം മാറ്റിയെങ്കില്‍ അത് കോണ്‍ഗ്രസിന്റെ നിലപാടാണ് ശരിയെന്ന തിരിച്ചറിവാണെന്നും കോണ്‍ഗ്രസ് എംപി പ്രതികരിച്ചു. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നാണ് ആറ് മാസം മുമ്പ് വരെ സിപിഐഎം പറഞ്ഞിരുന്നത്. യുഡിഎഫില്‍ ഒരു പ്രശനവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ മുന്നണിയില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ സിപിഐഎം ശ്രമിക്കുന്നത്. ലീഗ് മുന്നണി വിട്ടാല്‍ അത് വലിയ നഷ്ടമാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം ഗൗരവത്തോടെ കാണണം. ഈ വിഷയത്തില്‍ മുസ്ലീം ലീഗാണ് സിപിഐഎമ്മിന് മറുപടി നല്‍കേണ്ടതെന്നും മുരളീധരന്‍ പ്രതികരിച്ചു.