മുഖ്യമന്ത്രി സ്ഥാനത്തിനായി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗും അവകാശവാദമുന്നയിച്ചതോടെ ഹിമാചൽ പ്രദേശ് കോൺഗ്രസിൽ തർക്കം. സുഖ്വീന്ദർ സിംഗ് സുഖുവിനൊപ്പം മുഖ്യമന്ത്രി പദത്തിനായി പ്രതിഭാ സിംഗും അവകാശവാദമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് തർക്കം മുറുകിയത്. സുഖ്വീന്ദർ സിംഗ് സുഖുവിനാണ് കൂടുതൽ എംഎൽഎമാരുടെ പിന്തുണ. പ്രതിഭാ സിംഗിന്റെ അനുകൂലികൾ നിരീക്ഷകനായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാഹനം തടഞ്ഞു. കോൺഗ്രസ് ആസ്ഥാനത്തിന് മുമ്പിൽ പ്രവർത്തകർ മുദ്രാവാക്യം വിളി തുടരുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ അൽപ്പസമത്തിനുള്ളിൽ ഷിംലയിൽ സർവകക്ഷിയോഗം ചേരും.
ഹിമാചലിൽ ആശ്വാസ വിജയത്തിന്റെ ആഹ്ലാദമവസാനിക്കും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് മുറുകിയത് കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കുന്നതാണ്. കോൺഗ്രസ് നിരീക്ഷകരായ ഭൂപേഷ് ഭാഗേൽ, ഭൂപീന്ദർ ഹൂഡ, രാജീവ് ശുക്ല എംപി എന്നിവർ ഷിംലയിലെത്തി സംസ്ഥാന അദ്ധ്യക്ഷ പ്രതിഭാ സിംഗുമായി ചർച്ച നടത്തി മടങ്ങുമ്പോഴാണ് സ്വകാര്യ ഹോട്ടലിന് മുന്നിൽ ഒരുവിഭാഗം പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞത്. പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന് പ്രവർത്തകർ മുദ്രാവാക്യവും വിളിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻ പിസിസി അധ്യക്ഷൻ സുഖ്വിന്ദർ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകൾ സജീവ ചർച്ചയിലേക്ക് വന്നതോടെയാണ് അവകാശവാദവുമായി പ്രതിഭാ സിംഗ് രംഗത്തെത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സമ്മർദ്ദം ശക്തമാക്കുന്നത്. വീരഭദ്ര സിംഗിന്റെ പേര് ഉപയോഗിച്ചുള്ള വിജയത്തിൻറെ ഫലം മാറ്റാർക്കെങ്കിലും നൽകാനാകില്ലെന്ന് പ്രതിഭ ഇന്ന് തുറന്നടിച്ചു