February 24, 2025

അതൃപ്തി പരസ്യമാക്കി കാനം രാജേന്ദ്രൻ ലീഗിനെ പുകഴ്ത്തിയ എംവി ഗോവിന്ദന്റെ നടപടി യുഡിഎഫിൽ ഐക്യമുണ്ടാക്കി

ലീഗിനെ പുകഴ്ത്തിയ എംവി ഗോവിന്ദന്റെ നടപടിയിലൂടെ യുഡിഎഫിൽ ഐക്യമുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഏത് സാഹചര്യത്തിലാണ് ഗോവിന്ദന്റെ പ്രസ്താവനയെന്ന് അറിയില്ല. മുന്നണി വിപുലീകരണത്തിന് എൽഡിഎഫിൽ തീരുമാനമില്ല. മുസ്ലിം ലീഗ് പഴയ ലീഗല്ല. തീവ്ര നിലപാടുകാരോട് ലീഗ് ഇപ്പോൾ സന്ധി ചെയ്യുന്നുണ്ട്. എന്നാൽ പോപുലർ ഫ്രണ്ടിനെയോ എസ്ഡി‌പിഐയെയോ പോലെ മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

മുസ്ലിം ലീഗിന്റെ നിലപാടിനെ തുടർന്ന് തിരുത്തി എന്ന് പറയുന്നതിനൊപ്പം കോൺഗ്രസ് അവരുടെ നിലപാട് പുനപരിശോധിച്ചുവെന്ന് കൂടെ പറയാമല്ലോ. അതുകൊണ്ട് കോൺഗ്രസ് ആദ്യം എടുത്തിരുന്ന നിലപാട് ശരിയല്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും ഗവർണർമാർ സംസ്ഥാനങ്ങളിൽ എടുക്കുന്ന നിലപാട് ശരിയല്ല എന്ന് ചിന്തിക്കുമ്പോൾ കേരളത്തിൽ മാത്രം കോൺഗ്രസ് അത് ചെയ്യുന്നില്ലെന്ന് പറയുന്നത് ശരിയായ നിലപാടാണോ? ആ നിലപാട് അവർ തിരുത്താൻ തയ്യാറായി.

ലീഗിന്റെ നിലപാട് വ്യക്തമാക്കേണ്ടത് അവരാണ്. അവർ മതനിരപേക്ഷ പാർട്ടിയായിരുന്നു. ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ശേഷം ലീഗ് പടിപടിയായി മാറി. എന്നാൽ എസ്ഡിപിഐ പോലെയുള്ള പാർട്ടികളെ പോലെ ലീഗിനെ ആരും കാണുന്നില്ല. മുസ്ലിം സമൂഹത്തിനിടയിൽ ഭൂരിപക്ഷ വർഗീയതയുണ്ടാക്കിയ മാറ്റത്തിന്റെ ഫലമായാണിത്. ലീഗ് അത്തരം തീവ്ര നിലപാട് എടുക്കുന്നവരുമായി സംവദിക്കാൻ തുടങ്ങി. അതിനർത്ഥം ലീഗ് വർഗീയപ്പാർട്ടിയാണെന്നല്ല. എന്നാൽ ലീഗിന്റെ നിലപാട് ഇത്തരം കാര്യങ്ങളിൽ എന്താണെന്ന് മനസിലാക്കി അതിന്റെ അടിസ്ഥാനത്തിലാവണം കമ്യൂണിസ്റ്റ് പാർട്ടികൾ നിലപാട് എടുക്കേണ്ടതെന്ന് സിപിഐ പറഞ്ഞു.

എൽഡിഎഫ് ദുർബലമായതിനാല്ല ഐക്യം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. അത് ശത്രു കൂടുതൽ കരുത്തനായത് കൊണ്ടാണ്. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം വളർത്തുകയെന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയം. അതിന്റെ ഭാഗമായി പല കാര്യത്തിലും കോമ്പ്രമൈസ് ചെയ്യേണ്ടി വരും. അത് ഇലക്ടറൽ പൊളിറ്റിക്സിൽ അത്യാവശ്യമായി വരും. പക്ഷെ കേരളത്തിൽ വ്യത്യസ്തമായ രണ്ട് മുന്നണികളാണ്. ഇവിടെ ബിജെപിയല്ല മുഖ്യശത്രു. ഈ രണ്ട് മുന്നണികളും പോരടിക്കുമ്പോൾ ബിജെപി ശക്തിപ്പെടാതിരിക്കാൻ നമ്മളും പ്രത്യേകം ശ്രദ്ധിക്കണം. സിപിഎം സംസ്ഥാന സെക്രട്ടറി ഏത് സാഹചര്യത്തിലാണിത് പറഞ്ഞതെന്ന് തനിക്ക് വ്യക്തതയില്ല. എൽഡിഎഫ് മുന്നണിയിലേക്ക് പുതിയ കക്ഷിയെ എടുക്കാൻ എല്ലാവരും കൂടി ചർച്ച ചെയ്തേ നടക്കൂ. അങ്ങിനെയല്ലെന്ന് എംവി ഗോവിന്ദൻ തന്നെ പറഞ്ഞിട്ടുണ്ട്.