February 23, 2025

കൊച്ചി ബിനാലെയ്ക്ക് തുടക്കമാകുന്നു സിരകളിൽ മഷിയും തീയുമായി 14 ഗാലറികൾ

കലാഭൂപടത്തിൽ കൊച്ചിയെ അടയാളപ്പെടുത്തിയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പിന് തിങ്കളാഴ്‌ച തിരിതെളിയും. ഫോർട്ട്‌ കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും’ പ്രമേയത്തിൽ 14 വേദികളിലായി ഒരുങ്ങുന്ന ബിനാലെ പ്രദർശനം ഏപ്രിൽ 10 വരെ നീളും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിന്‌ ഉണ്ടാകും. കലാവിദ്യാർഥികൾ പങ്കാളികളാകുന്ന സ്റ്റുഡന്റ്സ് ബിനാലെയും കുട്ടികളുടെ ആർട്ട് ബൈ ചിൽഡ്രൻ ബിനാലെയും ഇതോടൊപ്പം നടക്കും.

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ്, കെ രാജൻ, കൊച്ചി മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ ജെ മാക്സി, കെ എൻ ഉണ്ണിക്കൃഷ്ണൻ, ടി ജെ വിനോദ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പേട്രൺ എം എ യൂസഫലി, ഫൗണ്ടേഷൻ ഉപദേശകനും മുൻമന്ത്രിയുമായ എം എ ബേബി എന്നിവർ ബിനാലെ ഉദ്ഘാടനസമ്മേളനത്തിൽ പങ്കെടുക്കും.
കോവിഡ്‌ മൂലം 2020ൽ മുടങ്ങിയ ബിനാലെയാണ്‌ രണ്ടുവർഷത്തിനുശേഷം നടക്കുന്നത്‌. ബിനാലെ ആരംഭിച്ചതിന്റെ 10–-ാംവാർഷികവുമാണിത്‌. ഇന്ത്യൻ വംശജയായ സിംഗപ്പൂർ സ്വദേശി ഷുബിഗി റാവുവാണ്‌ അഞ്ചാംപതിപ്പിന്റെ ക്യുറേറ്റർ.

 

 

സന്ദർശകർക്കുള്ള  ടിക്കറ്റുകൾ പ്രദർശനവേദിയിലെ കൗണ്ടറിലും ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. വിദ്യാർഥികൾക്ക് 50 രൂപയും മുതിർന്ന പൗരന്മാർക്ക് 100 രൂപയും മറ്റുള്ളവർക്ക് 150  രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. ഒരാഴ്ച തുടർച്ചയായി പ്രദർശനനഗരി സന്ദർശിക്കാനുള്ള ടിക്കറ്റിന്‌ 1000 രൂപയാണ്. മാസനിരക്ക് 4000 രൂപ.


ഫോർട്ട്‌ കൊച്ചിക്കും മട്ടാഞ്ചേരിക്കും പുറമെ എറണാകുളം നഗരമധ്യത്തിലും ബിനാലെ വേദിയുണ്ട്‌. കേരളത്തിലെ മികച്ച 34 കലാകാരന്മാരുടെ 150 സൃഷ്ടികൾ പ്രദർശിപ്പിക്കുന്നത്‌ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിലാണ്‌. ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസ്‌, പെപ്പർ ഹൗസ്‌, ആനന്ദ്‌ വെയർഹൗസ്‌ എന്നീ പ്രധാന വേദികൾക്കുപുറമെ കബ്രാൾ യാർഡ്, ടികെഎം വെയർഹൗസ്, ഡച്ച് വെയർഹൗസ്, കാശി ടൗൺഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫെ എന്നിവിടങ്ങളും വേദിയാണ്‌. ഷുബിഗി റാവു ക്യുറേറ്റ് ചെയ്‌ത 90 കലാകാരന്മാരുടെ 200 സൃഷ്‌ടികൾ ഇവിടെ  പ്രദർശിപ്പിക്കും.

മുസിരിസിന്റെ ചരിത്രക്കാഴ്ച കാശി ആർട്ട്‌ കഫെയിലെയും ഡച്ച്‌ വെയർഹൗസിലെയും പ്രദർശനത്തിലുണ്ടാകും. കബ്രാൾ യാർഡിൽ പാഴ്‌വസ്‌തുക്കൾ ഉപയോഗിച്ചൊരുക്കിയ താൽക്കാലിക പവിലിയനിലാണ് സെമിനാറുകളും ചർച്ചകളും കലാവതരണങ്ങളും നടക്കുക. 150 പേർക്ക്‌ ഇരിപ്പിടമുണ്ട്. 60 കലാപഠന സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ രചനകൾ ഉൾപ്പെടുത്തിയ സ്‌റ്റുഡന്റ്‌സ്‌ ബിനാലെയ്‌ക്കായി അർമാൻ ബിൽഡിങ്‌, വികെഎൽ വെയർഹൗസ്, കെവിഎൻ ആർക്കേഡ്, ട്രിവാൻഡ്രം വെയർഹൗസ് എന്നീ നാല്‌ വേദികളുണ്ട്. കുട്ടികളുടെ കലാസൃഷ്‌ടികൾ പ്രദർശിപ്പിക്കുന്ന ആർട്ട്‌ ബൈ ചിൽഡ്രൻ മറ്റൊരു ആകർഷണമാണ്‌.