February 24, 2025

പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ വീട്ടിലെത്തി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി

പെൺകുട്ടിയെ അപായപ്പെടുത്താൻ പെട്രോളും ലൈറ്ററുമായി വീട്ടിലെത്തി

 

പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ വീട്ടിലെത്തി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇന്‍സ്റ്റാഗ്രാംവഴി വര്‍ഷങ്ങള്‍ക്കുമുമ്പ് പരിചയപ്പെട്ട പെണ്‍സുഹൃത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതോടെ യുവാവ് പെട്രോളും ലൈറ്ററുമായി വീട്ടിലെത്തി ഭീഷണിമുഴക്കുകയായിരുന്നു. താമരശ്ശേരിയില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുറ്റ്യാടി പാലേരി മരുതോളി മീത്തല്‍ അരുണ്‍ജിത്ത് (24)നെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ പക്കൽ നിന്ന് പെട്രോളും ലൈറ്ററും പോലീസ് പിടിച്ചെടുത്തു. മുമ്പും പെണ്‍കുട്ടിയുടെ വീട്ടില്‍ വിവാഹാഭ്യര്‍ഥനയുമായെത്തിയ അരുണ്‍ജിത്തിനെ പെണ്‍കുട്ടിയുടെ പിതാവ് താക്കീത് നല്‍കി മടക്കിയയച്ചിരുന്നു. ഞായറാഴ്ച യുവാവ് വീട്ടിലേക്കു വരുന്നതുകണ്ട പെണ്‍കുട്ടിയുടെ മാതാവ് വാതിലടച്ചു.