പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായി നിയമ മന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍ അവതരിപ്പിച്ച ബില്ലിലാണ് വോട്ടെടുപ്പ് നടന്നത്
രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി. എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കിയത്. 454 എംപിമാരുടെ പിന്തുണയോടെയാണ് ബില്‍ ലോക്സഭയുടെ അംഗീകാരം നേടുന്നത്. രണ്ട് അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.
ബില്ലില്‍ അസദുദ്ദീന്‍ ഉവൈസി കൊണ്ടുവന്ന ഭേദഗതി നിര്‍ദേശം സഭ ശബ്ദ വോട്ടോടെ തള്ളി. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും ഉപസംവരണം വേണമെന്നായിരുന്നു നിര്‍ദേശം. അതേസമയം, ബില്ലില്‍ ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന് മുന്നോട്ട് വച്ച ഭേദഗതി ആഭ്യന്തരമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ പിന്‍വലിച്ചു. എ എം ആരിഫ്, ഇടി മുഹമ്മദ് ബഷീര്‍, ഹൈബി ഈഡന്‍ എന്നിവരും ഭേദഗതി പിന്‍വലിച്ചു.
പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായി നിയമ മന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍ അവതരിപ്പിച്ച ബില്ലിലാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ചര്‍ച്ചയില്‍ ബില്ലിനെ അനുകൂലിച്ച് ഭരണപക്ഷ അംഗങ്ങളും, പല വ്യവസ്ഥകളെ വിമര്‍ശിച്ച് പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തിയതോടെ ചൂടേറിയ ചര്‍ച്ചയ്ക്കാണ് ലോക്‌സഭ സാക്ഷ്യം വഹിച്ചത്. വനിതാ സംവരണ ബില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ മുന്നില്‍ കണ്ടാണ് തിരക്കിട്ട് അവതരിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാന വിമര്‍ശനം. വനിത സംവരണം എന്ന ആശയത്തിന്റെ തുടക്കത്തെ ചൊല്ലിയും ചര്‍ച്ചകള്‍ നടന്നു. നിയമം പ്രാബല്യത്തില്‍ വരാനുള്ള കാലതാമസവും പ്രതിപക്ഷം ചൂണ്ടിക്കാട്ടി