രണ്ടര വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റ് വില്‍പന നടത്തി മഹീന്ദ്ര ഥാർ. പെട്രോൾ എഞ്ചിൻ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, പുത്തൻ സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ, കൂടുതൽ പ്രായോഗികമായ ഇന്റീരിയർ എന്നിങ്ങനെ നിരവധി പുതുമകളോടെയാണ് ഥാര്‍ എസ്‌യുവി ഏറ്റവും പുതിയ രൂപത്തിൽ അവതരിച്ചത്. പഴയ മോഡലിനുണ്ടായിരുന്ന സിറ്റി, ഹൈവേ ഡ്രൈവിലെ പോരായ്മകള്‍, ഇന്റീരിയറിലെ റഫ് പ്രകൃതം തുടങ്ങിയവയായിരുന്നു ആളുകളെ പഴയ ഥാറില്‍ നിന്ന് അകറ്റി നിർത്തിയത്. ഒരു എസ് യുവിക്ക് സമാനമായി സുരക്ഷിതവും സൗകര്യപ്രദവുമായ ക്യാബിനും ഒട്ടേറെ പുതിയ അപ്ഡേറ്റുകളും ചേര്‍ത്ത് മഹീന്ദ്ര ഥാറിനെ ലൈഫ്‌സ്റ്റൈല്‍ വാഹനമാക്കിയതോടെ വാഹനം പെർഫോമൻസിലും സുരക്ഷയിലും കാഴ്ചയിലും മുന്നിട്ടു നിന്നു. ഇതോടെ പദ്ധതി വിജയിക്കുകയും ഇരുകയ്യും നീട്ടി പുത്തൻ മോഡലിനെ ആളുകൾ സ്വീകരിക്കുകയും ചെയ്തു. കൃത്യ സമയത്ത് രണ്ടാം തലമുറ ആവർത്തനത്തിലേക്ക് മാറിയതാണ് വാഹനത്തിന്റെ വിജയരഹസ്യം.
നിർമാണത്തിലുണ്ടായ ചില തടസങ്ങളും സെമികണ്ടക്ടർ ചിപ്പ് ക്ഷാമവുമാണ് നേട്ടം കൈവരിക്കാൻ ഇത്രയധികം വൈകാനുണ്ടായ കാരണം. പുതിയ നേട്ടം ഥാറിന്റെ ജനപ്രീതിയും രാജ്യത്ത് എസ്‌യുവികളുടെ വർധിച്ചു വരുന്ന ഡിമാന്റുമാണ് എടുത്തു കാണിക്കുന്നത് എന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ അവകാശവാദം. ഉപഭോക്താക്കൾക്ക് വിശാലമായ ഓപ്ഷനുകൾ നൽകുന്ന ഫോര്‍ വീല്‍ ഡ്രൈവ്, റിയല്‍ വീല്‍ ഡ്രൈവ് വേരിയന്റുകളിലാണ് മഹീന്ദ്ര ഥാർ ഇപ്പോൾ വിപണിയിലെത്തുന്നത്. ഓഫ് – റോഡിംഗ് സാഹസികത ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വാഹനത്തിന്റെ കരുത്തുറ്റ ഡ്രൈവ്ട്രെയിൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മെക്കാനിക്കൽ ലോക്കിംഗ് ഡിഫറൻഷ്യൽ, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ ട്രാൻസ്ഫർ കേസ് തുടങ്ങിയ പുതിയ സവിശേഷതകൾ ഏത് ഉയരങ്ങൾ താണ്ടാനും വാഹനത്തെ സഹായിക്കും.

ദൈനംദിന യാത്രാ വാഹനവും ഹൈവേ ഉപയോഗവും ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ് ഥാറിന്റെ റിയല്‍ വീല്‍ ഡ്രൈവ് വേരിയന്റ്. 2023 ജനുവരിയിലാണ് ഥാർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ റിയർ വീൽ ഡ്രൈവ് വേരിയന്റ് രാജ്യത്ത് അവതരിപ്പിച്ചത്. XUV300, മറാസോ എംപിവി എന്നിവയിൽ കാണുന്ന ചെറിയ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് എസ്‌യുവിയുടെ റിയര്‍ വീല്‍ ഡ്രൈവ് വേരിയന്റുകളിൽ ഉള്ളത്. D117 ഡീസൽ എഞ്ചിന് 117 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാൻ സാധിക്കും. കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സോടുകൂടിയ അതേ പെട്രോൾ എഞ്ചിനും ഥാറിന്റെ റിയല്‍ വീല്‍ ഡ്രൈവ് വേരിയന്റിൽ തെരഞ്ഞെടുക്കാൻ സാധിക്കും. അതേസമയം ഥാർ ഫോർ വീൽ ഡ്രൈവ് പതിപ്പിൽ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിനുകളാണ് ലഭിക്കുന്നത്.