February 24, 2025

‘ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണിതീര്‍ക്കാന്‍ കൗണ്ടിങ് മെഷീന്‍ വെക്കേണ്ട അവസ്ഥ’; പൊലീസിനെ ഭരിക്കുന്നത് പാര്‍ട്ടിക്കാരെന്ന് വി ഡി സതീശന്‍

സംസ്ഥാന പൊലീസിലെ ക്രിമിനല്‍വല്‍ക്കരണം തടയാന്‍ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. എന്ത് സംഭവം ഉണ്ടായാലും ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന ഒറ്റ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ വാക്ക്ഔട്ട് പ്രസംഗത്തിലായിരുന്നു വിമര്‍ശനം.

‘ഒറ്റപ്പെട്ട സംഭവം എണ്ണി തീര്‍ക്കാന്‍ പൊലീസ് ആസ്ഥാനത്ത് കൗണ്ടിങ് മെഷീന്‍ സ്ഥാപിക്കേണ്ട അവസ്ഥയാണ്. മാങ്ങ മോഷ്ടിക്കുന്ന, പണം മോഷ്ടിക്കുന്ന പൊലീസ് തുടങ്ങി അപമാനകരമായ സംഭവങ്ങളാണ് നടക്കുന്നത്. എസ്പിമാര്‍ അനുസരിക്കണമെങ്കില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പറയണം. പൊലീസിനെ ഭരിക്കാന്‍ പാര്‍ട്ടിക്കാരെ തുറന്നുവിട്ടിരിക്കുകയാണ്. അതിന്റെ അപകടമാണ് ഇപ്പോള്‍ കാണുന്നത്. ഷാരോണ്‍ കേസ് വിവാദം ആയപ്പോഴാണ് കേസ് എടുക്കുന്ന രീതിയിലേക്ക് മാറിയത്. ക്രിമിനലുകളായ പൊലീസുകാരെ സംരക്ഷിക്കുകയാണ്’, വി ഡി സതീശന്‍ ആരോപിച്ചു. പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ചത്. പൊലീസ് അതിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്നും കേരള പൊലീസിനകത്ത് ക്രിമിനലുകളുണ്ടെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. അടിയന്തര പ്രമേയം ചീറ്റിപ്പോയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.