February 24, 2025

ശബരിമല ദര്‍ശന സമയം 19 മണിക്കൂർ ആക്കി തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിൽ

ശബരിമലയില്‍ ദര്‍ശന സമയം ഉയര്‍ത്താന്‍ തീരുമാനം. 19 മണിക്കൂര്‍ എന്ന തരത്തിലാണ് ദര്‍ശന സമയം പുനഃക്രമീകരിക്കുന്നത്. പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കാനും ആലോചനയുണ്ട്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പ്രതിദിനം 90,000 പേര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കാനാണ് ആലോചിക്കുന്നത്. ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിയാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്. ഒരു ലക്ഷം പേര്‍ ദര്‍ശനം നടത്തുന്നത് അപ്രായോഗികമെന്നും യോഗം വിലയിരുത്തി.

Inflow of devotees at Sabarimala, meeting led by Chief Minister to decide arrangements

19 മണിക്കൂര്‍ എന്ന തരത്തില്‍ ശബരിമല ദര്‍ശന സമയം ക്രമപ്പെടുത്തും. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് രാവിലെ 3 മണിക്ക് നട തുറക്കാന്‍ തീരുമാനിച്ചു. രാവിലെ 3ന് നടതുറന്ന് ഉച്ചയ്ക്ക് 1.30ന് അടയ്ക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് നട തുറന്ന് രാത്രി 11.30ന് അടയ്ക്കും. നിലയ്ക്കലില്‍ പാര്‍ക്കിങിന് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചു. കുട്ടികളുമായി വരുന്നവര്‍ക്കും വൃദ്ധര്‍ക്കും പ്രത്യേക ക്യൂ എന്ന നിര്‍ദേശം പരിഗണനയിലുണ്ട്. ശബരിമലയില്‍ ഇതുവരെ 138 കോടി രൂപയുടെ വരുമാനമാണുണ്ടായത്. ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നായിരുന്നു കൂടുതല്‍ ഭക്തര്‍ എത്തിയത്.

 

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വര്‍ധിപ്പിച്ചത് കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി സംതൃപ്തമായ ദര്‍ശനം ഒരുക്കല്‍ പ്രധാനമാണ്. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വാഹനപാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും നടപടികള്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലയ്ക്കലിലുള്ള പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ദേവസ്വം വകുപ്പുമന്ത്രി പങ്കെടുത്ത് ആഴ്ചയിലൊരിക്കല്‍ ഉന്നതതല യോഗം ചേര്‍ന്ന് അവലോകനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.യോഗത്തില്‍ ദേവസ്വംവകുപ്പുമന്ത്രി കെ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.