February 24, 2025

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം ക്രൂരമായ മർദനമേറ്റതിനാലാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം ക്രൂരമായ മർദനമേറ്റതിനാലാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശാസ്താംകോട്ട സ്വദേശി സ്മിതാകുമാരിയാണ് മരിച്ചത്. പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻ ഡോ എംഎം സീമ നൽകിയ റിപ്പോർട്ടിലാണ് മർദ്ദനമേറ്റ വിവരം വ്യക്തമാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

അടിയേറ്റ സ്മിതയുടെ തലയോട്ടിയും തലച്ചോറും തകർന്നു വെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. തലയുടെ മധ്യഭാഗത്തുകൂടി മൂക്കിൻ്റെ ഭാഗം വരെയും ആഴത്തിൽ മുറിവുണ്ട്. രക്തക്കുഴലുകൾ പൊട്ടിയതായും റിപ്പോർട്ടിൽ പറയുന്നു. ആന്തരിക ഭാഗങ്ങളിലും മാരകമായ ക്ഷതമേറ്റിട്ടുണ്ട്. കൈകാലുകളിലും പരുക്കുകൾ ഉണ്ട്. മുട്ടുകൾ അടികൊണ്ട് പൊട്ടിയതായും ശരീരത്തിൻ്റെ പിൻ ഭാഗത്ത് മുറിവുകൾ ഉള്ളതായും റിപ്പോർട്ടിൽ പറയുന്നു. Also Read – വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന് തിരിച്ചടി, ഹര്‍ജി ഹൈക്കോടതി തള്ളി നവംബര്‍ 29-ാം തിയതി വൈകുന്നേരമാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ അബോധാവസ്ഥയില്‍ സ്മിതയെ കണ്ടെത്തിയത്. തുടര്‍ന്ന് സ്മിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിയ ഭർത്താവിനേയും ബന്ധുക്കളേയും കാണാന്‍ അനുവദിച്ചില്ല.ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്ന് സ്മിതയുടെ ബന്ധുക്കള്‍ ആരോപണം ഉയർത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു.ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ മരിച്ചശേഷമാണ് സ്മിതയെ ആശുപത്രിയിൽ എത്തിച്ചതെന്നും തെളിഞ്ഞിരുന്നു.