February 24, 2025

സതീശനും സുധാകരനും തമ്മിലുള്ള പോര് കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കുന്നു: കെ.സി വേണുഗോപാല്‍

 

 

പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും തമ്മിലുള്ള പോര് കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചുവെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സംഘടനാചുമതലയുള്ള ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് രണ്ടുപേര്‍ക്കുമെതിരെ തുറന്നടിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിലെ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന നിരീക്ഷണമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഇത്തരത്തിലൊരു വിമര്‍ശനം ഐ ഐ സി സിയുടെ ഭാഗത്ത് നിന്നുണ്ടാവുക എന്നാല്‍ നേതൃമാറ്റം വരെ ഉണ്ടാകാം എന്നാണ് അര്‍ത്ഥം.

വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള അകല്‍ച്ച പാര്‍ട്ടിയുടെ എല്ലാ തലങ്ങളെയും നിശ്ചലമാക്കിയിരിക്കുകയാണ്. ഭാരത് ജോഡോയാത്രയുടെ ആവേശം നിലനിര്‍ത്തുന്നതില്‍ സംസ്ഥാനത്തെ നേതാക്കള്‍ പരാജയപ്പെട്ടു. സംസ്ഥാന നേതൃത്വത്തിലെ പൊരുത്തക്കേട് താഴെ തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.