മുസ്ളീം ലീഗ് വര്ഗീയപാര്ട്ടിയല്ലന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയോടെ മുസ്ളീം ലീഗിനെ ഇടതുമുന്നണിയിലെത്തിക്കാനുളള നീക്കങ്ങള്‍ക്ക് വീണ്ടും ജീവന് വയ്കുന്നു. സി പി എമ്മിന് ഇനിയൊരു ഭരണതുടര്ച്ചയുണ്ടാകണമെങ്കില് മുസ്ളീം ലിഗിനെ ഇടതുമുന്നണിയിലെത്തിക്കണമെന്ന കാര്യത്തില്‍ പിണറായി വിജയനടക്കമുളള സി പി എം നേതൃത്വം ഏകാഭിപ്രായക്കാരാണ്. ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന സി പി എമ്മിന്റെ തിരിച്ചറിവാണ് മുസ്ളീം ലീഗിനെ മുന്നണിയിലേക്കടുപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയില്‍ മുസ്ളീം ലീഗുമായി പലതവണ അനൗദ്യോഗിക ചര്‍ച്ചകള്‍ സി പിഎം നേതൃത്വം നടത്തിയെന്നാണ് ഇതുവരെയുളള വിവരം.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ 2021 ല്‍ ഇടതുമുന്നണിക്കൊപ്പം നിന്ന ക്രൈസ്തവ സമൂഹം തങ്ങളെ കൈവെടിഞ്ഞുവെന്ന് സി പി എമ്മിന് ബോധ്യമായിരുന്നു. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരവും അതിനെതിരെ സര്‍ക്കാര്‍ എടുത്ത നിലപാടും ആ അകല്‍ച്ച ഏതാണ്ട് പൂര്‍ണ്ണമാക്കി. സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ഇനി കേരളത്തില്‍ ഭരണം നഷ്ടപ്പെടുന്നത് ആലോചിക്കാനേ വയ്യ. എന്നാല്‍ ലീഗിനെ കൂട്ടാതെ അത് യഥാര്ത്ഥ്യമാവുകയുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസ് ഇടതു മുന്നണി വിടുമെന്ന സൂചന സി പി എമ്മിന് ലഭിച്ചിരുന്നു. അത് കൊണ്ട് തന്നെ മുസ്ളീ ലീഗിനെ മുന്നണിയിലെത്തിച്ചില്ലങ്കില് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കുമെന്ന കാര്യം ഉറപ്പാണ്. ഇനി കേരളത്തില്‍ ഭരണത്തില്‍ നഷ്ടപ്പെട്ടാല്‍ ബംഗാളിലെ അവസ്ഥയിലേക്ക് പാര്‍ട്ടി എത്തിച്ചേരുമെന്നാണ് സി പി എം കരുതുന്നത്. കേരളത്തിലെ 28 ശതമാനം വരുന്ന മുസ്ളീം ജന വിഭാഗത്തിന്റെ പിന്തുണയാര്ജ്ജിച്ചാല് മാത്രമേ ഇനി ഭരണം നിലനിര്‍ത്താന്‍ കഴിയൂവെന്ന് പാര്‍ട്ടിക്ക് നന്നായി അറിയാം